A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.
2026 February

2026 സെപ്റ്റംബര്‍ 14
ന്യൂസ് കോര്‍ഡിനേഷന്‍:
ജോയിച്ചന്‍ പുതുക്കുളം; പി.പി.ചെറിയാന്‍

യു.എസ്. കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഹോംലാന്‍ഡ് സെക്യൂരിറ്റി - പി. പി ചെറിയാന്‍

വാഷിംഗ്ടണ്‍: സോമാലിയന്‍ വംശജയും യു.എസ്. കോണ്‍ഗ്രസ് അംഗവുമായ ഇല്‍ഹാന്‍ ഒമറിനെതിരെ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നതായി ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുല്ലിന്‍ സ്ഥിരീകരിച്ചു. യു.എസിലേക്ക് കുടിയേറുന്നതിനായി ഇല്‍ഹാന്‍ ഒമര്‍ തന്‍റെ സ്വന്തം സഹോദരനെയാണ് വിവാഹം കഴിച്ചതെന്ന ആരോപണത്തിലാണ് ഈ നടപടി. ഡാളസില്‍ നടന്ന റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനിടെ കണ്‍സര്‍വേറ്റീവ് മാധ്യമപ്രവര്‍ത്തകന്‍ ബെന്നി ജോണ്‍സന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'യു.എസിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് തന്‍റെ സഹോദരനെ വിവാഹം കഴിച്ചതെന്ന് നമുക്കറിയാം. ഇതില്‍ ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്' എന്ന് അദ്ദേഹം പറഞ്ഞു. ഇല്‍ഹാന്‍ ഒമറുടെ കുടുംബത്തിന്‍റെ കുടിയേറ്റ ചരിത്രവും വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഫെഡറല്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതായി കോടതിയില്‍ കുറ്റമാരോപിക്കാന്‍ തെളിവുകള്‍ ലഭിച്ചാല്‍, അമേരിക്കന്‍ പൗരത്വം റദ്ദാക്കി അവരെ നാടുകടത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. എന്നാല്‍ രാഷ്ട്രീയ പ്രേരിതമായല്ല, മറിച്ച് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണമെന്നും മുല്ലിന്‍ വ്യക്തമാക്കി. തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് ഇല്‍ഹാന്‍ ഒമര്‍ മുമ്പും ശക്തമായി നിഷേധിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ നീക്കം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

എഐ കോളുകള്‍ക്ക് സ്പാം ഭീഷണി കുറയ്ക്കാന്‍ ടായ് 1601 സീരീസിലൂടെ തിരിച്ചറിയല്‍

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ഉപയോഗിച്ച് കമ്പനികള്‍ നടത്തുന്ന നിയമാനുസൃത ബിസിനസ്, സര്‍വീസ്, ട്രാന്‍സാക്ഷണല്‍ കോളുകള്‍ സ്പാം കോളുകളായി തെറ്റായി തിരിച്ചറിയപ്പെടുന്നത് ഒഴിവാക്കാന്‍ പുതിയ നടപടികളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിയമാനുസൃത സര്‍വീസ്, ട്രാന്‍സാക്ഷണല്‍ വോയ്സ് കോളുകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നല്‍കുന്നതിനായി 1601 നമ്പര്‍ സീരീസ് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ഠഞഅകയുടെ നീക്കം. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍, കൊറിയര്‍, യൂട്ടിലിറ്റി സേവനദാതാക്കള്‍ തുടങ്ങിയവയുടെ സേവന കോളുകള്‍ ഇതിലൂടെ കൂടുതല്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഉപഭോക്തൃ സേവനം, ഓര്‍ഡര്‍ അപ്ഡേറ്റ്, പേയ്മെന്‍റ് അറിയിപ്പുകള്‍, അപ്പോയിന്‍റ്മെന്‍റ് സ്ഥിരീകരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അക വോയ്സ് എഐ ഉപയോഗിക്കുന്ന കമ്പനികളുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍ ഓട്ടോമേറ്റഡ് കോളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിയമാനുസൃത എഐ കോളുകളും സ്പാം കോളുകളും തമ്മില്‍ വേര്‍തിരിച്ചറിയുന്നത് ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്. സ്പാം കോളുകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ഠഞഅകയും ടെലികോം കമ്പനികളും എഐ/ എം.എല്‍. സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അനധികൃത ടെലിമാര്‍ക്കറ്റര്‍മാര്‍ക്കും സ്പാമര്‍മാര്‍ക്കും പുതിയ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ കഴിയാത്തവിധം നിയന്ത്രണങ്ങളും തുടരും. എഐ അധിഷ്ഠിത വോയ്സ് സേവനങ്ങള്‍ ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇകൊമേഴ്സ്, ഹെല്‍ത്ത് കെയര്‍, ലോജിസ്റ്റിക്സ്, കസ്റ്റമര്‍ സപ്പോര്‍ട്ട് തുടങ്ങിയ മേഖലകളില്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ട്രായുടെ നീക്കം വോയിസ് എഐ മേഖലയ്ക്കും നിര്‍ണായകമാണ്. നിയമാനുസൃത സേവന കോളുകള്‍ തടസ്സപ്പെടാതെ ഉപഭോക്താക്കളെ സംരക്ഷിക്കുകയെന്നതാണ് പുതിയ സംവിധാനത്തിന്‍റെ പ്രധാന ലക്ഷ്യം.

ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പിന് ഹഡ്സണ്‍ വാലി മലയാളീ അസോസിയേഷന്‍റെ ആദരം

ന്യൂയോര്‍ക്ക്: ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പിനെ മാതൃ സംഘടനയായ ഹഡ്സണ്‍ വാലി മലയാളീ അസോസിയേഷന്‍ ആദരിച്ചു. 12 ശനിയാഴ്ച ന്യൂ സിറ്റി സുക്കോര്‍ പാര്‍ക്ക് കമ്മ്യൂണിറ്റി സെന്‍ററില്‍ വെച്ചാണ് സ്വീകരണം നല്‍കിയത്. 38 വര്‍ഷങ്ങളായി ഹഡ്സണ്‍ വാലി മലയാളീ അസോസിയേഷന്‍റെ സന്തത സഹചാരിയായ ഫിലിപ്പോസ് ഫിലിപ്പ്, ബോര്‍ഡ് മെമ്പറും, സംഘടനയുടെ മുന്‍ പ്രസിഡന്‍റും, കേരള ജ്യോതി ചീഫ് എഡിറ്ററും ആയി സേവനം ചെയ്തിട്ടുണ്ട്. അസോസിയേഷന്‍ പ്രസിഡണ്ട് വിശ്വനാഥന്‍ കുഞ്ഞുപിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫൊക്കാനയുടെയും അസോസിയേഷന്‍റെയും മുന്‍ പ്രസിഡണ്ട് കൂടിയായ പോള്‍ കറുകപ്പിള്ളില്‍ പൊന്നാട അണിയിച്ചു സ്വീകരിച്ചു. ന്യൂ യോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ബില്‍ വെബര്‍, ക്ലാര്‍ക്സ്ടൗണ്‍ സൂപ്പര്‍വൈസര്‍ ജോര്‍ജ് ഹോഹ്മാന്‍, കൗണ്ടി ലജിസ്ലേറ്റര്‍ ആനി പോള്‍, ബോര്‍ഡ് മെംബേര്‍സ് നോഹ ജോര്‍ജ്, സജി പോത്തന്‍, ഫൊക്കാന പിആര്‍ഒ ജിജി റ്റോം, അജി കളീക്കല്‍, റവ. മാത്യു തോമസ്, മുന്‍ പ്രസിഡന്‍റുമാരായ വര്‍ഗീസ് ഉലഹന്നാന്‍, മത്തായി ചാക്കോ, ഷാജിമോന്‍ വെട്ടം, മത്തായി പി.ദാസ്, അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹഡ്സണ്‍ വാലി മലയാളീ അസോസിയേഷന്‍ സ്വീകരണം നല്‍കിയതില്‍ പ്രസിഡണ്ട് വിശ്വനാഥന്‍ കുഞ്ഞുപിള്ളയോടും മറ്റു ചുമതലക്കാരോടും ഫിലിപ്പോസ് ഫിലിപ്പോസ് നന്ദി പറഞ്ഞു. ജാതി മത രാഷ്ട്രീയ ചിന്തകള്‍ കൂടാതെ മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും, അമേരിക്കക്കയിലായാലും നാട്ടിലായാലും പ്രവാസി മലയാളികളുടെ പ്രശ്നപരിഹാരത്തിനായി എന്നും കൂടെ ഉണ്ടാകും എന്നും വാഗ്ദാനം ചെയ്തു. ഹഡ്സണ്‍ വാലി മലയാളീ അസോസിയേഷന്‍ സെക്രട്ടറി ഷൈമി ജേക്കബ് സ്വാഗതവും, ട്രഷറര്‍ അലക്സ് എബ്രഹാം നന്ദിയും പറഞ്ഞു.

ഡാലസിലുണ്ടായ വെടിവെയ്പ്പില്‍ പരിക്കേറ്റ ആറുപേരില്‍ യുവതി കൊല്ലപ്പെട്ടു - പി. പി ചെറിയാന്‍

ഡാലസ്: തെക്കുകിഴക്കന്‍ ഡാലസിലെ ഓക്ക് ക്ലിഫില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ ഒരു യുവതി കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഒന്നിലധികം അക്രമികള്‍ക്ക് പങ്കുണ്ടെന്ന് ഡാലസ് പോലീസ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഹൈലാന്‍ഡ് വില്ലേജ് ഡ്രൈവിലെ 5900 ബ്ലോക്കിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡാലസ് ഫയര്‍റെസ്ക്യൂ സംഘം പരിക്കേറ്റ ആറുപേരെയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാറിയ ബ്രൗണ്‍ (25) എന്ന യുവതിയാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റ് അഞ്ച് പേരുടെ നില നിലവില്‍ തൃപ്തികരമാണെന്ന് പോലീസ് വ്യക്തമാക്കി. അക്രമികള്‍ സംഭവസ്ഥലത്തുനിന്ന് നിരവധി പ്രാവശ്യം വെടിയുണ്ടകള്‍ ഉതിര്‍ത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മോക്സ് കാര്‍ണിവല്‍ ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു - ജോര്‍ജ് പണിക്കര്‍

മലങ്കര ഓര്‍ത്തഡോക്സ് ക്രിസ്റ്റ്യന്‍ സൊസൈറ്റിയുടെ രണ്ടാമത് ഫുഡ് ഫെസ്റ്റിവലും കാര്‍ണിവലും ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ ഈ സംഗമത്തില്‍ പങ്കെടുത്തു. മോക്സ് പ്രസിഡന്‍റ് ഡോ.ബിനു ഫിലിപ്പ് സ്വാഗതം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ എബ്രഹാം വര്‍ക്കി എം.എല്‍.എ അന്‍വര്‍ സാദത്തിനെ സദസിന് പരിചയപ്പെടുത്തി. കുട്ടികള്‍ക്കായുള്ള ഫേയ്സ് പെയിന്‍റിങ്ങുകള്‍ക്കും മെഹന്തിക്കും വലിയ നിര തന്നെ ഉണ്ടായിരുന്നു. വിവിധ റസ്റ്റോറന്‍റുകളുടെ സ്റ്റാളുകളില്‍ വിവിധയിനം ഭക്ഷണങ്ങള്‍ നല്‍കിയതിലൂടെ ആളുകള്‍ക്ക് തങ്ങളുടെ രുചിഭേദമനുസരിച്ച് ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരമായി. സെക്രട്ടറി അജിത്ത് ഏലിയാസ്, ജോയിന്‍റ് കണ്‍വീനേഴ്സായ ഏലിയാസ് തോമസ്, ജിജി ജോണ്‍, ഫുഡ് കമ്മിറ്റി കണ്‍വീനേഴ്സായ ഏലിയാമ്മ പുന്നൂസ്, ആല്‍ബിന്‍ എബ്രഹാം, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫിലിപ്പ് കുന്നേല്‍, ജോസഫ് എന്നിവര്‍ നന്ദി അറിയിച്ചു. സിബില്‍ ഫിലിപ്പ്, നിഷാ ജോണി എന്നിവര്‍ എം.സിമാരായി പ്രവര്‍ത്തിച്ചു.

നോര്‍ത്ത് അമേരിക്കയിലും തൂഫാന്‍ തരംഗം; 5 കിലോ മീറ്റര്‍ ഓട്ടം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു - ടോണി പൊങ്ങാനാ

പ്രവാസികള്‍ക്കിടയില്‍ ആരോഗ്യപ്രദമായ ഭക്ഷണ ക്രമവും, വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം യുവജനങ്ങള്‍ക്കിടയില്‍ മദ്യത്തിന്‍റെയും മയക്കു മരുന്നിന്‍റെയും പ്രചാരണം തടയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 5 കിലോ മീറ്റര്‍ ഓട്ടം ഫിറ്റ് ഫോര്‍വേര്‍ഡ് ഫൈ കെ. നവംബര്‍ പന്ത്രണ്ടാം തിയതി ഗ്ലെന്‍വ്യൂവില്‍ നടന്നു. കേരളാ ജലസേചന വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് മുഖ്യ അതിഥിയായി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരളാ ഗവണ്മെന്‍റ് മയക്കു മരുന്ന് വ്യാപനത്തിനെതിരെ നടത്തി വരുന്ന ശക്തമായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും, അതിന് നേതൃത്വം നല്‍കുന്ന മന്ത്രി സഭയുടെ പ്രതിനിധിയായി എത്തിച്ചേര്‍ന്ന മോന്‍സ് ജോസഫിനോടുള്ള ആദര സൂചകമായി പരിപാടിയുടെ പേര് തൂഫാന്‍ 5 കെچഎന്ന് പുനര്‍നാമകരണം ചെയ്യും എന്ന സംഘാടകരുടെ പ്രഖ്യാപനം നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം ആണെന്നും, കേരളത്തിന്‍റെ നവീകരണത്തിനായി സമാന ആശയങ്ങളും പ്രവാസികളുടെ അനുഭവ സമ്പത്തും പ്രയോജനപ്പെടുത്തുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഷിക്കാഗോ അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ഓട്ടത്തില്‍ പങ്ക് ചേര്‍ന്നും, സമ്മാനങ്ങള്‍ വിതരണം ചെയ്തും ആവേശത്തില്‍ പങ്കു ചേര്‍ന്നു. ഇല്ലിനോയിസ് സ്റ്റേറ്റ് റപ്രസെന്‍ററ്റീവ് കെവിന്‍ ഓലിക്കല്‍ റണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ലിന്‍സണ്‍ കൈതമല റേസ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍, റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ്, റെസ്പിറേറ്ററി തെറാപിസ്റ്റ്, റേഡിയോഗ്രാഫേഴ്സ്, സോഷ്യല്‍ വര്‍ക്കേഴ്സ് തുടങ്ങി ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍സിന്‍റെ സംഘടനകള്‍ ഒന്ന് ചേര്‍ന്നാണ് പ്രഥമ മലയാളീ 5കെ ഒരുക്കിയത്. വിജയികള്‍ക്ക് സിറിയക്ക് കൂവക്കാട്ടില്‍ സ്പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫികളും മോന്‍സ് ജോസഫ് വിതരണം ചെയ്തു. ഇതു വഴി സമാഹരിച്ച തുക ഭിന്ന ശേഷിക്കാര്‍ക്കായി ആരംഭിക്കുന്ന മലയാളീ സംരംഭമായ ചോസണ്‍ ഫൗണ്ടേഷന്‍ ഓഫ് ഇല്ലിനോയിസ് എന്ന സംഘടനക്ക് ബിഷപ്പ് ജോയ് ആലപ്പാട്ട് കൈമാറി. സംഘടനാ പ്രസിഡന്‍റുമാരായ ഡോ. സിമി ജോസഫ് (ഐഎന്‍എഐ), മജോ ഓട്ടപ്പള്ളി (എ.ആര്‍.പി.ഒ.കെ.ഒ), ടോം ജോസ് (എംഎആര്‍സി), സോണി പോള്‍ (എം.ആര്‍.എ), ലിന്‍സണ്‍ കൈതമല (ഐഎസ്ഡബ്ല്യുഎഐ) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളാണ് ജനപങ്കാളിത്തത്തോടെ പരിപാടി സംഘടിപ്പിച്ചത്.

കെ എച്ച് എന്‍ എ സാഹിത്യ വിചാരവേദിയില്‍ ഡോ. പ്രമീള ദേവി സംസാരിക്കുന്നു - സുരേന്ദ്രന്‍ നായര്‍

ഫ്ലോറിഡ: ഭാരതത്തിലെ ക്ലാസിക്കല്‍ പാരമ്പര്യത്തെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന ആധുനിക സാഹിത്യ പ്രവണതയെ പ്രതിരോധിക്കാനായി മലയാള സാഹിത്യത്തിലെ ധര്‍മ്മസങ്കല്പങ്ങള്‍ എന്ന വിഷയത്തെ അധികരിച്ചു കെ എച്ച് എന്‍ എ വിചാരവേദി ചര്‍ച്ച സംഘടിപ്പിക്കുന്നു. കവയത്രിയും ആംഗലേയ സാഹിത്യ അധ്യാപികയും എംജി യൂണിവേഴ്സിറ്റി സെനറ്റ് അംഗവും സാഹിത്യ അക്കാദമിയുടെയും ഫിലിം സെന്‍സര്‍ ബോര്‍ഡിന്‍റെയും സംസ്ഥാന വനിത കമ്മീഷന്‍റെയും മുന്‍ അംഗവുമായിരുന്ന ഡോ.ജെ പ്രമീള ദേവിയാണ് വിഷയം അവതരിപ്പിക്കുക. ധര്‍മ്മ സന്ദേശങ്ങളുടെ പ്രചാരകരായ തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍, ചെറുശ്ശേരി പൂന്താനം, കുഞ്ചന്‍ നമ്പ്യാര്‍, കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരിലൂടെ പ്രചാരം നേടി എം ടി വാസുദേവന്‍ നായരിലും പി കെ ബാലകൃഷ്ണനിലും വി ടി ഭട്ടതിരിപ്പാടിലും ഗുരു നിത്യചൈതന്യ യതിയിലും പ്രൊഫ. തുറവൂര്‍ വിശ്വംഭരനിലും ഡോ. സുകുമാര്‍ അഴിക്കോടിലും സ്വാധീനം സൃഷ്ടിച്ച കാലാതീതമായ ധാര്‍മ്മിക ദര്‍ശനമാണ് ചര്‍ച്ച ചെയ്യുന്നത്. പ്രസിഡന്‍റ് ഉണ്ണികൃഷ്ണന്‍, സെക്രട്ടറി സിനു നായര്‍, ട്രഷറര്‍ അശോക് മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ സുരേന്ദ്രന്‍ നായര്‍ അധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന സാഹിത്യ വിചാരവേദിയുടെ മുഖ്യ സംഘാടകര്‍ ഡോ. സുശീല രവീന്ദ്രന്‍, ജയശങ്കര്‍ പിള്ള, പ്രസാദ് നായര്‍, മധു ചെറിയേടത്തു എന്നിവരാണ്. വിദൂര ദൃശ്യ സംവിധാനമായ സൂം മാധ്യമത്തിലൂടെ സെപ്റ്റംബര്‍ 15 ചൊവ്വ രാത്രി 8.30 (ഈസ്റ്റേണ്‍) നു നടക്കുന്ന സാഹിത്യ സംവാദത്തിലേക്കു എല്ലാ സഹൃദയരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു.

ചിക്കാഗോ കെ.സി.എസ് ഗോള്‍ഡീസ് മീറ്റ് 2026: ഓണാഘോഷവും സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു

ചിക്കാഗോ: കെ.സി.എസ് ഗോള്‍ഡീസ് മീറ്റ് 2026 ഓണാഘോഷങ്ങളുടെ ഭാഗമായി ഡെസ് പ്ലെയിന്‍സിലെ കെ.സി.എസ് കമ്മ്യൂണിറ്റി സെന്‍ററില്‍ സംഘടിപ്പിച്ചു. ഓണസദ്യയോടൊപ്പം അംഗങ്ങള്‍ തങ്ങളുടെ ഓര്‍മ്മകളിലെ ഓണക്കാല അനുഭവങ്ങള്‍ പങ്കുവെക്കുകയും പരമ്പരാഗത ഓണപ്പാട്ടുകള്‍ ആലപിക്കുകയും ചെയ്തു. ഒരുമിച്ചിരുന്ന് സദ്യ ആസ്വദിക്കുകയും പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്തപ്പോള്‍ സംഗമം ഏറെ ഹൃദ്യമായി മാറി. വിരമിക്കല്‍ ജീവിതത്തിലെ അനുഭവങ്ങളും ഈ ജീവിതഘട്ടം കൂടുതല്‍ സന്തോഷകരവും സംതൃപ്തികരവും അര്‍ത്ഥവത്തുമാക്കുന്നതിനുള്ള ആശയങ്ങളും അംഗങ്ങള്‍ പരസ്പരം പങ്കുവെച്ചു. ജീവിതാനുഭവങ്ങളുടെയും സൗഹൃദത്തിന്‍റെയും ശക്തമായ ബന്ധമാണ് ഈ ചര്‍ച്ചകളിലൂടെ പ്രകടമായത്. പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു സാമ്പത്തിക ഉപദേഷ്ടാക്കളായ റെന്‍ജി തോമസും സോഫി പുത്തന്‍പുരയിലും നടത്തിയ വിജ്ഞാനപ്രദമായ ക്ലാസ്. റിട്ടയര്‍മെന്‍റ് ഫണ്ടുകള്‍ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനെക്കുറിച്ചുള്ള അവരുടെ അവതരണം അംഗങ്ങള്‍ക്ക് ഏറെ പ്രയോജനകരവും ആസ്വാദ്യകരവുമായിരുന്നു. കുര്യന്‍ നെല്ലാമറ്റം, മാത്യു കുളങ്ങര, ജെയിംസ് മണിമല, ഫിലിപ്പ് ഏലക്കാട്ടില്‍ എന്നിവരായ ഗോള്‍ഡീസ് കോര്‍ഡിനേറ്റര്‍മാരുടെ മികച്ച ഏകോപനത്തിലൂടെയാണ് പരിപാടി വിജയകരമായി സംഘടിപ്പിച്ചത്. കെ.സി.എസ് ട്രഷറര്‍ ടീന നെടുവമ്പുഴയും പരിപാടിയില്‍ പങ്കെടുത്തു. ഗോള്‍ഡീസ് മീറ്റ് അംഗങ്ങള്‍ക്കിടയിലെ ഒരുമയും സൗഹാര്‍ദ്ദവും ഐക്യവും പ്രകടമാക്കിയ അതിമനോഹരമായ സംഗമമായിരുന്നു എന്ന് അവര്‍ അഭിപ്രായപ്പെട്ടു. ചിക്കാഗോ കെ.സി.എസ്. ഗോള്‍ഡീസ് മീറ്റ് 2026 ഓണത്തിന്‍റെ പാരമ്പര്യവും ഓണസദ്യയുടെ മാധുര്യവും പരമ്പരാഗത ഗാനങ്ങളുടെ സൗന്ദര്യവും സൗഹൃദത്തിന്‍റെയും കൂട്ടായ്മയുടെയും സന്തോഷവും ഒരുമിച്ച് ആഘോഷിച്ച ഒരു ഹൃദ്യമായ സംഗമമായി മാറി.