Times of America
A Panorama of Political, Social, Cultural and Heritage of East and West
Times of America
is a periodical News on
Monthly
. It is a panorama of Political, Social, cultural and heritage of East and West.
2024 August
Previous Issues
2025 ജൂലൈ 04
ന്യൂസ് കോര്‍ഡിനേഷന്‍:
ജോയിച്ചന്‍ പുതുക്കുളം; പി.പി.ചെറിയാന്‍
60 ദിവസത്തെ ഗാസ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ക്ക് ഇസ്രായേല്‍ സമ്മതിച്ചതായി ട്രംപ് - പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ അന്തിമമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ ഇസ്രായേല്‍ അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 2023 ഒക്ടോബര്‍ 7ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം ഇസ്രായേല്‍ ഗാസയില്‍ ഒരു സൈനിക കാമ്പെയ്ന്‍ ആരംഭിച്ചു, അതില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെട്ടു. അതിനുശേഷം ഗാസയില്‍ കുറഞ്ഞത് 56,647 പേര്‍ കൊല്ലപ്പെട്ടതായി പ്രദേശത്തെ ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പാണ് ട്രംപിന്‍റെ പ്രഖ്യാപനം വന്നത്. ഗാസയില്‍ പുതിയ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കല്‍ കരാറും ചര്‍ച്ച ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ബിബിസി മധ്യസ്ഥര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇസ്രായേലുമായുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സ്തംഭിച്ചിരിക്കുകയാണെന്ന് ഒരു മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ ബിബിസിയോട് പറഞ്ഞു.
കാലിഫോര്‍ണിയയില്‍ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി കമല ഹാരിസ് മുന്നിലെന്നു സര്‍വ്വേ - പി പി ചെറിയാന്‍
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് പരിഗണിക്കുന്ന വൈസ് പ്രസിഡന്‍റ് ഹാരിസിന്, 2026ലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഇരട്ട അക്ക ലീഡ് ഉണ്ടെന്ന് പുതിയ പോള്‍ കാണിക്കുന്നു. കമല ഹാരിസ് മത്സരത്തില്‍ പങ്കെടുത്താല്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് കാലിഫോര്‍ണിയക്കാരുടെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കും. എന്നിരുന്നാലും സര്‍വേയില്‍ പങ്കെടുത്തവരില്‍ 41 ശതമാനം പേര്‍ മാത്രമാണ് പേര് വെളിപ്പെടുത്താത്ത റിപ്പബ്ലിക്കനെക്കാള്‍ മുന്‍ വൈസ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുമെന്ന് പറഞ്ഞതെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നുള്ള പുതിയ പോള്‍ കണ്ടെത്തി. എന്നാല്‍ ഡെമോക്രാറ്റിക് ദാതാക്കള്‍ ആവേശക്കുറവ് പ്രകടിപ്പിക്കുകയും കമലാഹാരിസിന്‍റെ സ്ഥാനാര്‍ത്ഥിത്വം 2024ലെ അവരുടെ പരാജയത്തിന്‍റെ ഓര്‍മ്മപ്പെടുത്തലായിരിക്കുമെന്ന് ഭയപ്പെടുകയും ചെയ്തിട്ടും ഹാരിസ് തന്‍റെ ദീര്‍ഘകാല പിന്തുണക്കാരുമായി ബന്ധം ശക്തമാക്കുകയാണ്. സംസ്ഥാനത്തെ 2,143 മുതിര്‍ന്നവരില്‍ നടത്തിയ സര്‍വേയില്‍ ആദ്യത്തേതില്‍ പിശകിന്‍റെ മാര്‍ജിന്‍ 2.9 ശതമാനമായിരുന്നു. 2,000 മുതിര്‍ന്നവരില്‍ നടത്തിയ സര്‍വേയില്‍ രണ്ടാമത്തേതിന് ഇത് 3.6 ശതമാനമായിരുന്നു.
അമേരിക്കന്‍ പ്രസംഗ മത്സരത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദേശീയ പുരസ്കാരം - ജീമോന്‍ റാന്നി
നോര്‍ത്ത് കരോലിന: ഫ്യൂച്ചര്‍ ബിസിനസ് ലീഡേഴ്സ് ഓഫ് അമേരിക്ക ദേശീയതലത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിയായ എഡ്ന എലിസ സാബിന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കാലിഫോര്‍ണിയയിലെ അനാഹൈമില്‍ വെച്ച് ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ നടന്ന നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സിലാണ് എഡ്ന ഈ ഉന്നത വിജയം നേടിയത്. എഫ്.ജെ. കാര്‍നേജ് മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ എഡ്ന, സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടിയാണ്ദേശീയതലത്തില്‍ മത്സരിച്ചത്. ڇസാമൂഹ്യ സേവനത്തിലൂടെ ആര്‍ജ്ജിക്കുന്ന കഴിവുകളും അവയുടെ പ്രാധാന്യവുംڈഎന്ന വിഷയത്തെക്കുറിച്ചാണ് എഡ്ന സംസാരിച്ചത്. റാലിയില്‍ താമസിക്കുന്ന സബിന്‍ തോമസിന്‍റെയും എലിസബത്ത് സബിന്‍റെയും മകളാണ് എഡ്ന.
ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രി അനുമോദനവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു - പി പി ചെറിയാന്‍
ഡാളസ്: ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഡാളസ് ഐ.പി.സി. എബനേസര്‍ ഹാളില്‍ അനുമോദന മീറ്റിംഗും ദിവ്യവാര്‍ത്ത ഫലകവും കാഷ് അവാര്‍ഡും വിതരണവും സംഘടിപ്പിച്ചു. മീറ്റിംഗില്‍ ദിവ്യധാര മിനിസ്ട്രീസ് പ്രസിഡന്‍റ് ജോസ് പ്രകാശ് കരിമ്പിനേത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍ ബ്രദര്‍ എസ്.പി. ജയിംസ് സ്വാഗതം പറഞ്ഞു. ഐ.പി.സി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ.പാസ്റ്റര്‍ ബേബി വറുഗീസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് എന്‍.ആര്‍.ഐ. കമ്മീഷന്‍ മെമ്പറും, ഐ.പി.സി. കേരള സ്റ്റേറ്റ് കൗണ്‍സില്‍ അംഗവുമായ ബ്രദര്‍ പീറ്റര്‍ മാത്യുവിനെ മീറ്റിംഗില്‍ ഫലകം നല്‍കി ആദരിച്ചു. മറുപടി പ്രസംഗത്തില്‍ മലയാളി പ്രവാസികളുടെ വസ്തുവകകളെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അനുബന്ധ നടപടികാര്യങ്ങളില്‍ സഹായിക്കാമെന്ന വാഗ്ദാനം നല്‍കുകയും ചെയ്തു. ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലദല്‍ഫിയ തുടങ്ങിയ പട്ടണങ്ങളിലെ സ്വീകരണ മീറ്റിംഗുകളില്‍ പങ്കെടുത്തശേഷം കേരളത്തിലേക്ക് മടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ദിവ്യവാര്‍ത്ത ബൈബിള്‍ ക്വിസ് ഇംഗ്ലീഷ് സീരീസ് ഷെര്‍ളിന്‍ തോമസ് (ഡാളസ്), മലയാളം ബൈബിള്‍ ക്വിസ് സീരീസ് സാലി ജോണ്‍ (ന്യൂഡല്‍ഹി), ഡൈജി വിനു (കോട്ടയം), മലയാളം ബൈബിള്‍ ക്വിസ് സീരീസ് ഡൈജി വിനു (കോട്ടയം), വി.കെ. സ്കറിയ (ഡാളസ്) എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, ഡാളസ് കപ്പാസ് ഗുഡ് വില്‍ മിനിസ്ട്രി സ്പോണ്‍സര്‍ ചെയ്തിട്ടുള്ള കാഷ് അവാര്‍ഡും നല്‍കി. മീറ്റിംഗില്‍ ബ്രദര്‍ സാം മാത്യു, ബ്രദര്‍ സാബുക്കുട്ടി കപ്പമാംമൂട്ടില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അദ്ധ്യക്ഷന്‍റെ ഉപസംഹാര പ്രസംഗത്തിനും, കൃതജ്ഞത പ്രകാശനത്തിനും ശേഷം ഇവാ. കെ.പി. ജോര്‍ജ് പ്രാര്‍ത്ഥിച്ചു. ഡോ.പാസ്റ്റര്‍ ബേബി വറുഗീസിന്‍റെ ആശിര്‍വാദത്തോടെ മീറ്റിംഗ് പര്യവസാനിച്ചു. മീറ്റിംഗില്‍ ഐ.പി.സി. എബനേസര്‍ ക്വയര്‍ ബ്രദര്‍ ഏബ്രഹാം ബേബിയുടെ നേതൃത്വത്തില്‍ ഗാനശുശ്രൂഷ നടത്തി.
മിഷിഗണിലെ ഗ്ലോബല്‍ ഫെസ്റ്റില്‍ മെഗാ തിരുവാതിരയും ചെണ്ടമേളവും ആകര്‍ഷകമായി - ശ്രീലക്ഷ്മി
മലയാളി അസോസിയേഷന്‍ ഓഫ് ലാന്‍സിംഗ് (മാല) ജൂണ്‍ 28ന് ഒകെമോസില്‍ നടന്ന മെറിഡിയന്‍ ഫെസ്റ്റില്‍ അവതരിപ്പിച്ച മെഗാ തിരുവാതിര വലിയ ജനശ്രദ്ധ പിടിച്ചു. മലയാളികള്‍ മാത്രമല്ല, തമിഴ്, തെലുങ്ക് സുഹൃത്തുക്കള്‍ക്കും ഇതില്‍ സജീവ പങ്കാളിത്തമുണ്ട്. ശ്രുതി വര്‍മ്മയുടെ നേതൃത്വത്തില്‍ 28 പേര്‍ പങ്കെടുത്ത തിരുവാതിര ആകര്‍ഷകമായി. മാലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടുള്ള ഒരു മെഗാ തിരുവാതിര. പ്രസിഡന്‍റ് പ്രവീണ്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് അംഗവും യൂത്ത് അംബാസഡറുമായ മനീഷ് മോഹന്‍, ആര്‍ജെ നേതൃത്വം വഹിച്ചു. സെക്രട്ടറി സമിത താജ് മുഹമ്മദ്, ട്രഷറര്‍ ഷാജി ജോണ്‍, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ശ്രീലക്ഷ്മി രാജേഷ്, രാജീവ് കൃഷ്ണന്‍, രാജേഷ് നായര്‍, ജിനോ, യൂത്ത് ക്ലബ് സെക്രട്ടറി സാന്ദ്ര നായര്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. .
ശിവോഹം കണ്‍വെന്‍ഷന്‍ 6ന് സമാപിക്കും - രഞ്ജിത് ചന്ദ്രശേഖര്‍
നോര്‍ത്ത് കരോലിന: മന്ത്രയുടെ ദ്വിതീയ ദേശീയ കണ്‍വെന്‍ഷന്‍ (ശിവോഹം 2025) 6ന് സമാപിക്കും. അമേരിക്കയിലെ ഹൈന്ദവ സംഘടനാ പ്രവര്‍ത്തന പന്ഥാവില്‍ ജീവ ചൈതന്യം പ്രസരിക്കുന്ന മന്ത്ര ധ്വനികളുയര്‍ത്തി (മലയാളീ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദുസ്) മന്ത്ര കണ്‍വന്‍ഷനു തുടക്കമായി. പൂജ്യ സ്വാമിജി ചിദാനന്ദ പുരി മുഖ്യ അതിഥി ആകുന്ന കണ്‍വെന്‍ഷനില്‍, ശിവഗിരി മഠത്തില്‍ നിന്നും സ്വാമി വീരേശ്വരാനന്ദ, ബ്രഹ്മശ്രീ മനോജ് നമ്പൂതിരി, ഡോ ശ്രീനാഥ് കാര്യാട്ട്, മോഹന്‍ജി, മണ്ണടി ഹരി എന്നിവര്‍ കണ്‍വെന്‍ഷനില്‍ പ്രഭാഷണം നടത്തും. മലയാള ചലച്ചിത്ര സംഗീത പിന്നണി രംഗത്തെ അതികായന്‍ ഉണ്ണി മേനോന്‍റെ സാന്നിധ്യവും ഡോ കലാമണ്ഡലം രചിതാ രവി (മോക്ഷ, മോഹിനിയാട്ടം സെഷന്‍), രഞ്ജനി സൈഗാള്‍ (വീരാംഗനവനിതാ ഫോറം സെഷന്‍) വിവിധ നഗരങ്ങളില്‍ നിന്നും നാടക അവതരണം, ഫാഷന്‍ ഷോ, കള്‍ച്ചറല്‍ കോമ്പറ്റീഷന്‍, സിനിമ, ചെണ്ടമേളം, കഥകളി, മെഗാ തിരുവാതിര തുടങ്ങി നിരവധി പരിപാടികള്‍ ഇതിന്‍റെ ഭാഗമായി നടക്കുമെന്ന് പ്രസിഡന്‍റ് ശ്യാം ശങ്കര്‍ പറഞ്ഞു.
ഡാലസ്സിനെ സംഗീത സാന്ദ്രമാക്കാന്‍ ഫ്രീഡം മ്യൂസിക് ഫെസ്റ്റ് 2025
ഡാളസ്: ഡാലസിലെ മലയാളി സമൂഹത്തിന് ക്രിസ്തീയ സംഗീത വിരുന്നൊരുക്കി വീണ്ടും ലൈഫ് ഫോക്കസ് മീഡിയ. 2025 ജൂലൈ 12 ശനിയാഴ്ച 6 മുതല്‍ 8 വരെ കരോള്‍ട്ടണ്‍ ഗുഡ് എലിമെന്‍ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍, ഡി.എഫ്.ഡബ്ല്യൂ മേഖലയിലുള്ള കേരള ക്രൈസ്തവ ദേവാലയങ്ങളിലെ മികച്ച ഗായകസംഘങ്ങളുടെ ഹൃദയഹാരിയായ സംഗീതം മുഴുങ്ങുന്നു. അന്തര്‍ദേശീയ വേദികളില്‍ ശ്രദ്ധേയനായ പ്രഭാഷകന്‍ ജോണ്‍ കുര്യന്‍ കോട്ടയം ഫ്രീഡം ഫ്രം വറി ആന്‍റ് ആംഗ്സിറ്റി എന്ന വിഷയം അവതരിപ്പിക്കും.
മാര്‍ അത്തനേഷ്യസ് കോളേജ് ആലുമ്നി യു. എസ്.എ. ഒളിമ്പ്യന്മാരെയും മറ്റു പ്രശസ്ത താരങ്ങളെയും ആദരിച്ചു - വര്‍ഗീസ് പോത്താനിക്കാട്
കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ് ആലുമ്നി യു. എസ്. എ.യുടെ ആഭിമുഖ്യത്തില്‍ നടന്ന മീറ്റിംഗില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും, കായിക കലാ രംഗത്തു ദേശീയ അന്തര്‍ദേശിയ ജേതാക്കളുമായ താരങ്ങളെ ആദരിച്ചു. ചലച്ചിത്ര പിന്നണി ഗായകനും എംഎ കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ മധു ബാലകൃഷ്ണന്‍റെ ഗാനാലാപത്തോടെ പരിപാടികള്‍ക്കു തുടക്കമായി. ജൂണ്‍ 27ന് സൂം പ്ലാറ്റുഫോമില്‍ നടന്ന മീറ്റിംഗില്‍ യൂ. എസ്. എ. അലുമ്നി പ്രസിഡന്‍റ് സാബു സ്കറിയ അദ്ധ്യക്ഷത വഹിച്ചു. പഠനപരമായ നിലയിലും പഠ്യേതര രംഗത്തും ദേശിയ, അന്തര്‍ദേശിയ തലത്തില്‍ ഔന്നത്യം നേടിയ എം.എ. കോളേജിന്‍റെ വളര്‍ച്ചയിലും, ഉയര്‍ച്ചയിലും അത്യന്തം അഭിമാനം കൊള്ളുന്നതായി സാബു സ്കറിയ പറഞ്ഞു. ഒളിംപിക്സ് മെഡല്‍ ജേതാക്കളെയും, കല കായിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ശേഷ്ഠ വ്യക്തികളെയും മീറ്റിംഗില്‍ ആദരിച്ചു. 2022ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍, 2023ല്‍ അര്‍ജ്ജുന അവാര്‍ഡ് ഇവ നേടിയ ഒളിമ്പ്യന്‍ എല്‍ദോസ് പോള്‍; 2022ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും, 2023 ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും നേടിയ ഒളിമ്പ്യന്‍ അബ്ദുള്ള അബൂബക്കര്‍; 2013 ഏഷ്യന്‍ ട്രാക്ക് ആന്‍റ് ഫീല്‍ഡില്‍ സ്വര്‍ണ്ണം (പൂന), 2017ല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് (ലണ്ടന്‍) ഇവ കരസ്ഥമാക്കിയ ഒളിമ്പ്യന്‍ അനില്‍ഡാ തോമസ്; 2016 എസ്.എ. എഫ്. ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ഒളിമ്പ്യന്‍ ഗോപി. ടി എന്നിവരേയും, ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ വൈസ് പ്രസിഡണ്ട് പദവി അലങ്കരിക്കുന്ന സാബു ചെറിയാന്‍, സമീപകാലത്തു ഹിറ്റ് ആയി അവാര്‍ഡ് നേടിയ മലയാള സിനിമ 'പട' സംവിധാനം ചെയ്ത പ്രശസ്ത സിനിമ സംവിധായകന്‍ കമല്‍ കെ.എം. എന്നീ കലാപ്രതിഭകളെയുമാണ് മീറ്റിംഗില്‍ ആദരിച്ചത് .